Hot Posts

6/recent/ticker-posts

എന്റെ ഓർമ്മയിലെ ഓണം

നീലാംബരീയം

 എന്റെ ഓർമ്മയിലെ ഓണം......

എന്റെ ഓർമ്മയിലെ ഓണം എന്ന് പറഞ്ഞാൽ പ്രകൃതിയോടും, കുടുംബത്തോടും, കൂട്ടുകാരുമായി ചേർന്നും ആഘോഷിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ്. ആഡംബരങ്ങൾ ഇല്ലാത്തതും, എന്നാൽ സ്നേഹവും ലാളിത്യവും നിറഞ്ഞതുമായ ഒരു ആഘോഷം......

പഞ്ഞ കർക്കടകം കഴിഞ്ഞുവരുന്ന ചിങ്ങമാസത്തെ വളരെയേറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റിരുന്നത്. മഴ മാറി തെളിഞ്ഞ മേഘങ്ങൾ തെന്നി നടക്കുന്ന ആകാശം...
ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ പൂക്കളം ഇടാറുണ്ട്. നാടൻ പൂക്കളാണ് ഉപയോഗിച്ചിരുന്നത്. നേരം വെളുത്തു തുടങ്ങുമ്പോഴേ കുട്ടികളെല്ലാവരും കൂട്ടത്തോടെ വയലുകളിലേക്കും പറമ്പുകളിലേക്ക് ഓടും, ആൺ പെൺ വ്യത്യാസമില്ലാതെ.....

അന്ന് പറമ്പുകൾക്കൊന്നും വേലിയോ വീടുകൾക്ക് മതിലോ ഉണ്ടായിരുന്നില്ല. തുമ്പ, മുക്കുറ്റി, തെച്ചി, കോളാമ്പി, ചെമ്പരത്തി തുടങ്ങിയ പൂക്കൾ ശേഖരിക്കും. ചേമ്പില അല്ലെങ്കിൽ പെരിയലത്തിന്റെ ഇല കുമ്പിൾ കൂട്ടി അതിലാണ് പൂക്കൾ ശേഖരിക്കുന്നത്.
പൂക്കൾ പറിച്ചു വരുമ്പോഴേക്കും അച്ഛമ്മ ചാണകം കൊണ്ട് നിലം മെഴുകും.അതിലാണ് പൂവിടുക.
ഓരോ ദിവസവും പൂക്കളത്തിന്റെ വലുപ്പം കൂടി വരും.

തിരുവോണത്തിൻ്റെ അന്ന് വെളുപ്പിന് തൂശനിലയിൽ, മണ്ണു കൊണ്ടുണ്ടാക്കിയ ഓണത്തപ്പനെ വച്ച്,തുമ്പക്കുടം കൊണ്ട് മൂടി അരിപ്പൊടി കലക്കി തളിച്ച് വച്ചതിന് ശേഷം മറ്റൊരിലയിൽ പൂവടയും വച്ച് ആർപ്പു വിളിച്ച് ഓണത്തപ്പനെ എതിരേൽക്കും..
കുടുംബത്തിലെ ആണുങ്ങൾ ആണ് ഓലക്കുടയും വടിയുമായി ഓണത്തപ്പനെ എതിരേൽക്കാൻ പടിപ്പുരയിലേക്ക്(മുറ്റത്തേക്ക്) പോകുന്നത്.

ഓണക്കാലത്ത് നാട്ടിൻപുറങ്ങളിൽ പ്രധാനമായും ഉണ്ടായിരുന്നത് ഓണക്കളികളാണ്. ഊഞ്ഞാലാട്ടം, വടംവലി, തലപ്പന്തുകളി എന്നിവയെല്ലാം മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിച്ചിരുന്നു.
ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ടത് ഓണസദ്യയായിരുന്നു. ഓണത്തിന് തലേന്ന് തന്നെ സദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുമായിരുന്നു.

നെല്ല് കുത്തിയ അരി കൊണ്ടുള്ള ചോറ് ആയിരുന്നു അന്ന് ഓണസദ്യക്ക്
കായ വറുത്തത്, ശർക്കര വരട്ടി, സാമ്പാർ, പുളിശ്ശേരി, കാളൻ, അവിയൽ,എരിശ്ശേരി,ഇഞ്ചിക്കറി, പപ്പടം, പഴം ,പായസം തുടങ്ങി വിവിധ വിഭവങ്ങൾ ചേർന്നതായിരുന്നു അന്നത്തെ സദ്യ.
കളി കഴിഞ്ഞ് വന്ന് എല്ലാവരും നിലത്തിരുന്ന് ഒരുമിച്ചിരുന്നായിരുന്നു സദ്യ ഉണ്ടിരുന്നത്.

"കാണം വിറ്റും ഓണം ഉണ്ണണം " എന്നാണല്ലോ..!
അതുകൊണ്ട് അച്ഛനമ്മമാർ കഷ്ടപ്പെട്ട് ആണെങ്കിലും ഓണക്കോടി വാങ്ങി കൊടുക്കും. പിന്നെ ഒരു പുതിയ ഡ്രസ്സ് കിട്ടണമെങ്കിൽ അടുത്ത ഓണം വരെ കാത്തിരിക്കണം.

സദ്യ കഴിഞ്ഞാൽ അടുത്ത വീട്ടിലേക്ക് ഓടും,റേഡിയോ പരിപാടി കേൾക്കാൻ...
അന്ന് റേഡിയോ മാത്രമായിരുന്നു.
പ്രധാന വിനോദം. ഓണക്കാലത്ത് റേഡിയോയിൽ ഓണപ്പാട്ടുകളും, നാടകങ്ങളും, ശബ്ദ രേഖയും കവിതകളും കേൾക്കാൻ കുടുംബാംഗങ്ങളും അയൽക്കാരും ഒരുമിച്ചിരുന്ന് സമയം ചിലവഴിച്ചിരുന്നു....
വീണ്ടും ഒരു വർഷത്തെ കാത്തിരിപ്പ്....
അടുത്ത ചിങ്ങം വരെ... 

റ്റി. സജി